Monday, 8 October 2012

kumaran asan

1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. കുമാരുവിന്റെ അച്ഛൻ ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ചൊല്ലുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു. വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ പാടുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെഴുതുന്ന കവിതകൾ പോലെ താനും വലുതാകുമ്പോൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ ആശാൻ. ആശാന് കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചു. കുമാരുവിനു ബാല്യകാലത്ത്‌ പലവിധ അസുഖങ്ങൾ വന്ന് പലപ്പോഴും കിടപ്പിലാവുക പതിവായിരുന്നു. അങ്ങനെ ഇരിക്കെ കുമാരൻറെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച്‌ കിടപ്പിലായിരുന്ന അവസരത്തിൽ ശ്രീ നാരായണ ഗുരു ആ വീട്ടിൽ വരുകയും കുമാരുവിനെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഗോവിന്ദൻ ആശാൻറെ കീഴിൽ യോഗയും താന്ത്രികവും ആഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ മുതൽ കുമാരുവിനു കവിത എഴുത്ത് ഒരു കമ്പം ആയി രൂപപെട്ടിരുന്നു.